Wednesday, 29 April 2015



ഓര്‍മകള്‍ വിയര്‍ക്കുന്ന ഏപ്രിലുകളില്‍

ഞാന്‍ നിന്നെ തള്ളിപറയും

ഒന്നല്ല രണ്ടല്ല മൂന്നുവട്ടം

നേരെയും വളഞ്ഞും കോണായും





നാലാം നാള്‍

കോഴി കൂവുന്നതിനുമുന്‍പേ ഞാന്‍

നിന്റെ കുഴിമാടത്തിനരികെ എത്തും..

എന്നിട്ട്

നിന്റെ അമ്മയുടെ മടിയില്‍ കിടന്ന്‍

ഞാനും ഏങ്ങലടിക്കും
നാം ഒരു വംശം
 പ്രളയത്തിനു മുന്‍പ്
 പെട്ടകത്തിന്റെ ഇടുങ്ങിയ ദ്വാരത്തിലൂടെ
അകത്തു കടക്കാൻ
പരസ്പരം
ഹൃദയങ്ങൾ ചെത്തിയെടുത്ത്‌
 മിനുസപെടുത്തിയവർ
ഇപ്പോൾ
 നാം രണ്ടു തുരുത്തുകൾ
 ( പ്രണയം വേർപ്പെടുത്തിയ
     രണ്ടു ദ്വീപുകൾ ).

Thursday, 2 April 2015

ക്യുപിഡ് നീ എവിടെയാണ്?



വസന്തക്കാറ്റ് വീശിയിട്ടും പൂക്കാത്ത
ബദാം മരം ചോദിച്ചു
ക്യുപിഡ് നീ എവിടെയാണ്?

ചത്തതിനൊട്ട് ജീവിച്ചിരിക്കുന്ന
ഫോസ്സിലുകള്‍ ചോദിച്ചു
ക്യുപിഡ് നീ എവിടെയാണ്?

പാതിമയങ്ങിയ തെരുവുവെട്ടത്തിന്‍
ഏകാന്തത ഭുജിച്ച മക്ഷികക്കൂട്ടം ചോദിച്ചു
ക്യുപിഡ് നീ എവിടെയാണ്?

ചിതലരിച്ച ചുവന്നപുസ്തകത്തിന്റെ
ചിതയിലെരിയുന്ന കവിതകള്‍ ചോദിച്ചു
ക്യുപിഡ് നീ എവിടെയാണ്?

കാകോളം നിറച്ച അമ്പിലെ
കരിഞ്ഞ മാംസകഷ്ണതിനു ആര്‍ത്തിമൂത്തവര്‍
ചൊടിച്ചു
ക്യുപിഡ് നീ എവിടെയാണ്?

ദൌര്‍ഭാഗ്യം കൊണ്ടത്താഴമുണ്ട്
ദുശകുനം കൊണ്ടന്തിയുറങ്ങി
ക്യുപിഡ് മയങ്ങുകയാണ്
(ഒരു സിന്ദ്രെല്ല പോലെ  )