മഴയൊക്കെ ഇപ്പോൾ രാത്രിയിലാണു.
എല്ലാവരും ഉറങ്ങികഴിയുമ്പോൾ മഴ മണ്ണിന്റെ സ്വകാര്യതയിലേക്ക് പെയ്തിറങ്ങും...അവളുടെ നാഭിയിലൂടെ ഊർന്ന് താഴോട്ടിറങ്ങി ഗർഭപാത്രത്തിൽ തകരയുടെ വിത്തുകൾ പാകും.
പുറത്ത് മഴ തകർത്തുപെയ്യുമ്പോളും പണ്ടെങ്ങോ ഒന്നിച്ച് നനഞ്ഞ മഴയുടെ നൊസ്റ്റാൾജിയ ട്വീറ്റ് ചെയ്യുകയാണു കമിതാക്കൾ.
ചേമ്പില കുട ചൂടി മഴയത്തും നനഞ്ഞ് പള്ളിക്കൂടത്തിൽ പോയ കഥ പറഞ്ഞ് പിള്ളേരെ കൊതിപ്പിച്ച്, പിന്നെ മഴ പെയ്യുമ്പോൾ അവർക്ക് ഉരുളകിഴങ്ങ് വറുത്ത്കൊടുത്ത് കൊച്ചു ടി വി വച്ചുകൊടുക്കുകയാണു മാതാപിതാക്കൾ.
നട്ടുച്ച വെയിലിലും മഴപ്പാട്ടുകൾ എഴുതി ക്ലീഷെ ആയ ഫൗണ്ടൻ പേനയെടുത്ത് മഴ പെയ്യുമ്പോൾ പുതച്ചുറങ്ങുകയാണു കവി.
പിന്നെ മഴ ആരെ കാണിക്കാനാണു പെയ്യുന്നത്?
അതുകൊണ്ട് മനം മടുത്തിട്ടാവണം മഴ രാത്രിയുടെ നിഴലിലേക്ക് മാറിനിന്നത്. ചാറ്റിങ്ങും ട്വീറ്റിങ്ങും കഴിഞ്ഞ് ഓരോ ജനൽ ചില്ലിൽ നിന്നും ഡിസ്പ്ലേ ലൈറ്റുകൾ യാത്ര പറയുമ്പോൾ മഴയും പതിയെ പെയ്തു തുടങ്ങും...മണ്ണിനു മാത്രമായി.
കാമറ ലെൻസുകൾ ഊരിവെച്ച് ഫോട്ടോഗ്രാഫർ ഉറങ്ങുകയാണു. നാളെ ട്രെൻഡിയാവാൻ പോകുന്ന 'മഴപേജ്' അവൻ സ്വപ്നം കാണുന്നുണ്ടാകാം.
തൊഴുത്തിൽ ഉറങ്ങാതെ കിടന്ന പശുകിടാവ് മാത്രമാണു മഴ കണ്ടത്. ..വാഷ്ബേസിനിൽ ഉണങ്ങിതുടങ്ങിയ ഫൈബർ പാത്രങ്ങൾ മുറ്റത്ത് രാത്രിമഴകൊണ്ട് കിടന്ന നല്ല നാളുകൾ "ഷെയർ" ചെയ്തു. ഓടിനിടയിൽ നിന്നും ചോർന്നൊലിച്ച മഴത്തുള്ളികൾ ശേഖരിച്ച പഴയ "പിക്കുകൾ" പോസ്റ്റ് ചെയ്തു.
മഴയും ട്വീറ്റ് ചെയുന്നു
" ഇനി ബാത്ത്ടബ്ബിൽ ഷവറിനു ചുവടെ നിങ്ങൾ മഴയുത്സവങ്ങൾ കൊണ്ടാടുക...
സ്കാനിംഗ് ടേബിളിലെ ലൈറ്റിൽ നിങ്ങൾ വെയിലും കൊള്ളുക"
മഴ ട്വീറ്റ്സ്
" ഇനി ബാത്ത്ടബ്ബിൽ ഷവറിനു ചുവടെ നിങ്ങൾ മഴയുത്സവങ്ങൾ കൊണ്ടാടുക...
സ്കാനിംഗ് ടേബിളിലെ ലൈറ്റിൽ നിങ്ങൾ വെയിലും കൊള്ളുക"
മഴ ട്വീറ്റ്സ്
No comments:
Post a Comment